തകഴി വഴി അടൂര്‍

ബി.ജോസുകുട്ടി

ജീവിതത്തിന്റെ അസ്ഥിരമായതും അതിസുക്ഷമമായ സ്പന്ദനങ്ങളെ ദാര്‍ശനികമായ വീക്ഷണകോണില്‍ നിന്നു അപഗ്രഥിച്ച് ഫ്രെയിമുകളിലാവാഹിക്കുന്ന വിശ്വവിഖ്യാതനായ അടൂര്‍ഗോപാലകൃഷ്ണന്‍ എന്ന സംവിധായകന്റെ ചലച്ചിത്രസംരംഭങ്ങളെ നമ്മുക്കറിയാം. എങ്കില്‍ പോലും സിനിമയുടെ മായക്കാഴ്ചകളെപ്പോലെ ചില സിനിമാനുഭവങ്ങളെങ്കിലും പ്രേക്ഷകന് അന്യമായി മാറുമ്പോള്‍, അത് ഒരു തരത്തിലും വ്യാഖ്യാനിക്കാനാവാത്ത സാധ്യതകളിലേക്ക് അകന്നു പോകുമ്പോള്‍ സിനിമയുടെ പ്രത്യയശാസത്രപരമായ ഉള്‍ക്കാഴ്ചകളോട് സംവദിക്കുന്ന ഒരു മൂന്നാം കണ്ണ് ഉണ്ടാകുന്നതാണ് അല്ലെങ്കില്‍ നിര്‍മ്മിക്കപ്പെടുന്നതാണ് അടൂരിന്റെ സ്പര്‍ശമായി അടൂര്‍ സിനിമകളില്‍ കാണുന്നത്. അടുരിന്റെ സ്വയംവരം മുതലുള്ള ചിത്രങ്ങളില്‍ ചിലത് നമ്മെ ഇതു ബോധ്യപ്പെടുത്തുന്നുണ്ട്.സിനിമയിലെ സമസ്തകലാ ഘടകങ്ങളെയും സമര്‍ഥമായി സംയോജിപ്പിക്കുന്ന ഒരു കോ-ഓര്‍ഡിനേറ്റര്‍ എന്നതിനേക്കാളുപരിയായി സംവിധായകന്‍ എന്നയാളുടെ സര്‍ഗ്ഗപരമായ ഇടപെടല്‍ അടൂര്‍ എന്ന സംവിധായകന്‍ സാധ്യമാക്കുന്നു. ഈ ധാരണയുടെ (തെറ്റിദ്ധാരണയുടെ) അടിസ്ഥാനത്തില്‍ അടൂരിന്റെ ഏറ്റവും പുതിയ ഹ്രസ്വചിത്രങ്ങളുടെ പരമ്പരയായ ‘നാലു പെണ്ണുങ്ങള്‍’ എന്ന സിനിമയെ സമീപിക്കുമ്പോള്‍ അടൂര്‍സ്പര്‍ശം എന്ന മാന്ത്രികസിദ്ധിയെ വിദൂരമായിപ്പോലും പ്രേക്ഷകന് പിടിച്ചെടുക്കാനാവില്ല.
                പാര്‍ശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതാനുഭവങ്ങളുടെ പരിസരത്തുനിന്ന് ശേഖരിച്ച അനുഭവങ്ങളുടെ മഷികൊണ്ട് കഥകളെഴുതിയ ജ്ഞാനപീഠ എഴുത്തുകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ കഥകളാണ് ഇക്കുറി അടൂര്‍ തന്റെ സിനിമയ്ക്കായി സ്വീകരിച്ചത്.
             ഒരു നിയമലംഘനത്തിന്റെ കഥ, കന്യക, ചിന്നുഅമ്മ,നിത്യകന്യക എന്നീ നാലു രചനകളുടെ തിരകഥകളുടെ ബ്ലുപ്രിന്റെ എന്ന് ‘നാലു പെണ്ണുങ്ങള്‍’എന്നസിനിമയെ പ്രാഥമീകമായി വിശേഷിപ്പിക്കാവുന്നതാണ്.ഏകദേശം അരനൂറ്റാണ്ടിനുമുമ്പുള്ള ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളുടെ ദീര്‍ഘവീക്ഷണമായ രചനാപാടവം ഈ തകഴികഥകളില്‍ നിഴലിക്കുമ്പോള്‍ ചലച്ചിത്രഭാഷ്യത്തിന് പുതുതായി ഒന്നും കൂട്ടിച്ചേര്‍ക്കാന്‍ പറ്റിയില്ല എന്നുള്ളിടത്താണ് നാലുപെണ്ണുങ്ങളില്‍ അടൂരിന്റെ അസാന്നിദ്ധ്യം ഒരു ശരാശരി പ്രേക്ഷകന്‍ ചോദ്യം ചെയ്യുന്നത്.
               പ്രമുഖ എഴുത്തുകാരുടെ രചനകള്‍ ആദ്യമായല്ല അടൂരിന്റെ സിനിമകള്‍ക്ക് വിഷയമായത്. സക്കറിയായുടെ കഥയും (വിധേയന്‍) ബഷീറിന്റെ കഥയും (മതിലുകള്‍) ഇത്തരുണത്തില്‍ പ്രേക്ഷകനു ലഭിച്ചിട്ടുണ്ട്.ആ സിനിമലളിലൊക്കെയും. അടൂര്‍ എന്ന സംവിധായകന്റെ ദാര്‍ശനിക സാന്നിദ്ധ്യം കൃത്യമായി തെളിയുന്നുണ്ട്. ഇത്തരത്തിലുള്ള സാമീപ്യം മൂലകൃതിക്ക് ഏതെങ്കിലും തരത്തിലുള്ള സര്‍ഗപരമായ ദുര്‍മേദസ്സുകള്‍ ഉണ്ടാക്കിയെന്ന് വിമര്‍ശകര്‍ പോലും കണ്ടെത്തുന്നില്ല. ഒരു സിനിമയുടെ ആശയം വിഖ്യാതരചനകളെ അവലംബിക്കുമ്പോള്‍ അതു കേവലം ദൃശ്യഭാഷയുടെ തര്‍ജ്ജം മാത്രമാകരുതെന്ന് പ്രമുഖ ജാപ്പനീസ് ചലച്ചിത്രകാരന്‍ അകിരാകൂറസോവ തന്റെ ‘ഡ്രീംസ്’ എന്ന സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കു ശേഷമുള്ള ഒരു പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്. വിന്‍സെന്റ് വാന്‍ഗോഗിന്റെ ചിത്രങ്ങളെ ആസ്പദമാക്കിയുള്ള ഡ്രീംസില്‍ അദ്ദേഹമതു തെളിയിച്ചിട്ടുമുണ്ട്.
                  തകഴിയുടെ നാലുകഥകളടങ്ങിയ ‘നാലുപെണ്ണുങ്ങള്‍’ എന്ന സിനിമയും കേവലം തകഴികഥകളുടെ വിഷ്വല്‍ ട്രാന്‍സലേഷന്‍ മാത്രമാണ്.
      
                    

നാലു പെണ്ണുങ്ങള്‍

ഒരു നിയമലംഘനത്തിന്റെ കഥയില്‍ കാണുന്ന നീതിന്യായത്തിന്റെ അളവുകോല്‍ സ്ത്രീപുരുഷബന്ധത്തിന്റെ അടരുകളില്‍ വെച്ചാണ് അളക്കുന്നത്. പ്രത്യേക ചിട്ടവട്ടങ്ങളൊന്നുമില്ലാതെ ഒന്നിച്ചുജീവിക്കാന്‍ ശ്രമിക്കുന്ന നിരക്ഷരരായ ദമ്പതികളുടെ കഥയാണിതില്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഞങ്ങള്‍ കല്ല്യാണം കഴിച്ചു ജീവിക്കുന്നവരാണെന്നുള്ള അവരുടെ വാദമുഖങ്ങളെ അന്നത്തെ സാമൂഹ്യവ്യവസ്ഥ അടിച്ചേല്പിക്കുന്ന പഴകിയ തുരുമ്പിച്ച നിയമദണ്ഡുകൊണ്ട് ഖണ്ഡിക്കുന്നുണ്ട്. സ്ത്രീജിതമായ മാനറിസങ്ങള്‍ക്ക് പുരുഷകേന്ദ്രീക്യതമായ നിലപാടുകള്‍ എക്കാലത്തും ഒരു പ്രതിരോധമായിരുന്നുവെന്നുള്ള പുതിയ കാലത്തും മാറ്റം വരാത്ത നിലപാടുകളെയാണ് തുറന്നുകാട്ടിയത്.
                      അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത എക്കാലത്തെയും സ്ത്രീകാമനകളുടെ ദുര്യോഗമായ അവസ്ഥയായിരുന്നു.ലൈംഗികത ഒരു മനുഷ്യാവകാശമായി കരുതുന്ന ഏറ്റവും പുതിയ കാലഘട്ടത്തിലും കര്‍ക്കശമായ ചില വ്യവസ്ഥകളോടെ അതു നിലനില്‍ക്കപ്പെടുന്നു. അമിതഭക്ഷ്യപ്രിയനായ  ഭര്‍ത്താവിനോടൊപ്പമുള്ള തന്റെ സഹവാസം ശരീരത്തോടൊപ്പം ആത്മാവിനെയും ദുഷിപ്പിക്കുമെന്നുള്ള തിരിച്ചറിവില്‍ നിന്നാണ് കന്യകയിലെ ഭാര്യ  രോഷം കൊള്ളുന്നത്. ഇത്തരം ധര്‍മ്മസങ്കടങ്ങള്‍ക്കൊടുവില്‍ തികച്ചും നിസ്സഹായയായി അമര്‍ഷവും,നിരാശയും ഉള്ളിലൊതുക്കി സഹികെട്ട് ചിലപ്പോള്‍ ക്ഷോഭമായി പുറപ്പെടുന്ന സ്ത്രീസഹജമായ ചിന്തകള്‍ സ്വതന്ത്രമായി വിഹരിക്കപ്പെടുന്നു എന്നതുതന്നെയാണ് കന്യകയില്‍ അനാവ്യതമാക്കപ്പെടുന്ന പ്രമേയം
                     ‘ചിന്നു അമ്മ’ യിലും കാണപ്പെടുന്ന സ്ത്രീസഹജമായ ചിന്തകള്‍, സാമൂഹ്യകാലാവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ട് പരിരക്ഷിക്കുന്ന അച്ചടക്കപൂര്‍ണ്ണമായ ചില കാഴ്ച്ചപ്പാടുകളെ ആവിഷ്കരിക്കുന്നു. ഇവിടെയും പുരുഷമേധാവിത്വത്തിന്റെ സൌമ്യമായ ഇടപെടലുകള്‍ സജീവമായി ഉണ്ടാക്കുന്നുണ്ട്. പക്ഷേ തികച്ചും കൂലീനവും എന്നാല്‍ നിഷ്കളങ്കവുമായ മൃദുവായ  പ്രതിരോധങ്ങള്‍ കൊണ്ട് ഇളംതണുപ്പുള്ള അഗ്നിയാലെന്നതുപൊലെ നേരിടുന്നുമുണ്ട്. തീര്‍ച്ചയായും വര്‍ത്തമാനകാല സാമൂഹ്യാന്തരീക്ഷത്തെ തന്റെതായ വീക്ഷണത്തില്‍ ചോദ്യം ചെയ്യുകയാണ് ‘ചിന്നു അമ്മ’ എന്ന കഥയിലുടെ,കഥാകാരനും, പിന്നെ ചലച്ചിത്രകാരനും.തികച്ചും ഭൌതികമായ സാമൂഹ്യപരിസ്ഥിതികള്‍ നിര്‍മ്മിച്ചെടുത്ത സൌന്ദര്യ ചിന്തകള്‍ക്കൊപ്പം നിന്ന് തന്റെ മനോഭാവങ്ങളെ ബലികഴിക്കുന്ന പുരുഷസമൂഹത്തിന്റെ നിലപാടുകള്‍ക്ക് ഇരയാകുന്ന ഒരു പെണ്ണിന്റെ സ്വത്വപരമായ പ്രതിസന്ധികളാണ് നിത്യകന്യകയുടെ പ്രമേയമായി വരുന്നത്. കനത്ത ഇരുട്ടിന്റെ മതിലുകള്‍ക്കപ്പുറത്തുനിന്നും വരുന്ന സുഖകാമനകളുടെ സീല്‍ക്കാരങ്ങളെ, സ്വചിന്തകളുടെ ദീര്‍ഘനിശ്വാസത്തിന്റെ ഗദ്ഗദങ്ങളായാണ് ഈ നിത്യകന്യക അനുഭവിക്കുന്നത്. ഒടുവില്‍ സ്വതന്ത്രമായ ചിന്തകളും വികാരങ്ങളുമായി നാലുചുവരുകള്‍ക്കുള്ളില്‍ ഈ സ്ത്രീജന്മം സായൂജ്യമന്വേഷിക്കുന്നു.
                  തികച്ചും ഗ്രാമ്യമായ ജീവിതപരിസരത്തില്‍ നിന്നാണ് തകഴി തന്റെ ഈ സ്ത്രീപക്ഷകഥകളെ കണ്ടെത്തിയിട്ടുള്ളത്. ആഗോളപരമായ ജൈവിക സ്ത്രീസാന്നിദ്ധ്യമാണ് ഈ തകഴിക്കഥകളുടെ കരുത്തും, ചൈതന്യവും. ഇങ്ങനെയൊക്കെയുള്ള നിര്‍വചനങ്ങളില്‍ ഈ കഥകള്‍ അതിന്റെ ധര്‍മ്മവും ലക്ഷ്യവും കൈവരിക്കുന്നുണ്ട്.അതുകൊണ്ടുതന്നെ  സംവേദനത്തിന്റെ അനന്തമായ സാധ്യതകളിലേയ്ക്ക് ഈ കഥകളും, സിനിമയും ആസ്വാദകനെ കൈപിടിച്ചുയര്‍ത്തുന്നുണ്ട്.
            ദൃശ്യഭാഷാതര്‍ജ്ജമ
    തികച്ചും മനുഷ്യകഥാനുഗായിയായ പ്രമേയങ്ങളെ ചലച്ചിത്രവത്കരിക്കുമ്പോള്‍ അഭിനേതാക്കളെ തേടുന്ന അടൂര്‍ ശൈലിയില്‍ നിന്നും ഒരു പരിധിവരെ വ്യത്യസ്ഥമായ നിലപാടെടുക്കാനാണ് അടൂര്‍ നാലു പെണ്ണുങ്ങളില്‍ തീരുമാനിച്ചത്. ഒരു നിയമലംഘനത്തിന്റെ കഥയില്‍ പത്മപ്രിയ, ശ്രീജിത് രവി, മനോജ് കെ. ജയന്‍, സോനാ നായര്‍, പി. ശ്രീകുമാര്‍ എന്നിവരേയും കന്യകയില്‍ ഗീതു മോഹന്‍ ദാസ്, നന്ദു, എം. ആര്‍. ഗോപകുമാര്‍ എന്നീ അഭിനേതാക്കളെയും, ചിന്നു അമ്മയില്‍ മജ്ജുപ്പിള്ള, മുകേഷ്,ബാബൂ നമ്പൂതിരി എന്നിവരെയും, നിത്യകന്യയില്‍ നന്ദിതദാസ്, കാവ്യാമാധവന്‍, കെ. പി. എ. സി ലളിത, രവി വള്ളത്തോള്‍, അശോകന്‍, രമ്യാ നമ്പിശന്‍, എന്നീ നടീ നടന്മരേയുമാണ് അടുര്‍, കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്തത്  ഇവരെല്ലാവരും ഒന്നിനെന്ന് മെച്ചമായി കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു ഓരോ സീനുകള്‍ക്കും അനുയോജ്യമായ ഫ്രെയിമുകള്‍ വെച്ചത് എം. ജെ. രാധാകൃഷണനാണ്.
          കഥകള്‍ക്കനുയോജ്യമായ ലൊക്കേഷനും, കഥാപാത്രങ്ങള്‍ക്ക് യോജ്യമായ നടീനടന്മാരെ തെരഞ്ഞെടുക്കുകയും, അവര്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുത്തതിനും പിന്നിലെ അടുര്‍ സ്പര്‍ശം പ്രത്യക്ഷത്തില്‍ തന്നെ വെളിവാക്കുന്നുണ്ട്. ചെമ്മീന്‍ എന്നകൃതിക്കുശേഷം തകഴിയുടെ ഒരു രചനയെ സമീപിക്കാന്‍ കഴിഞ്ഞതുതന്നെ സിനിമയുടെ, സംവിധായകന്റെ ധീരതയായി പരിഗണിക്കാം.
        അക്ഷാരാര്‍ത്ഥത്തില്‍ ‘നാ‍ലുപെണ്ണൂങ്ങള്‍’ ഒരു തകഴി സിനിമതന്നെയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന ചലച്ചിത്രകാരന്‍ ഈ കഥകളുടെ ഒരു പ്രമോട്ടര്‍ മാത്രമേ ആയിട്ടുള്ളു എന്നതാണ്  വൈയക്തികമായ ഒരു കാഴ്ചപ്പാട് വരച്ചിടുന്ന ചിത്രം
 
                                                                 ബി. ജോസുകുട്ടി
                                                                 പന്തലില്‍പറമ്പ്
                                                                 തോണ്ടന്‍കുളങ്ങര
                                                                  ആലപ്പുഴ- 688006
                                                        ഫോണ്‍ – 9961077837

Comments

comments