സ്നേഹം

ഡോ. അമൃത

ഈറന്‍ മിഴികളില്‍ ,
ഇടറുന്ന കരളില്‍
നിതാന്ത വ്യഥകള്‍ തന്‍ –
കൃഷ്ണവനങ്ങളില്‍
ഒരു കൊച്ചു നക്ഷത്രദീപ്തിയായ്,
ശാന്തിയായ്,
ആദിപ്രണവം പിളര്‍ന്ന സംഗീതമായ്,
ആദിമ നിശബ്ദ നിശ്ചലാകാശത്തി-
ലാദ്യമുണര്‍ന്നൊരുടുക്കിന്റെ സ്പന്ദമായ്,
ഗിരികൂടസാനുക്കള്‍ തോറും വിമൂകമാ-
യലയുന്ന കാറ്റിന്റെ സീല്‍ക്കാരധാരയായ്,
ഇരുളലകള്‍ മാഞ്ഞു മാഞ്ഞു പോം ബ്രഹ്മ-
മുഹൂര്‍ത്തലുന്നിദ്ര ബോധാവബോധമായ്,
കാലങ്ങള്‍ കൈവിരല്‍ വിടവിലൂര്‍ന്നൂര്‍ന്നു-
പോകുമീ ശൈശവ ക്രീഡാ ലഹരിയായ്,
ഇന്നലെ,യിന്നായി,നാളെയായ്,നീളും-
കടങ്കഥയുള്ളില്‍ ,ചിപ്പിയില്‍ മുത്തുപോ-
ലോളിയാര്‍ന്നുണരുന്നൊരുണ്വയായ്,തത്വമായ്,
അണ്ഡകടാഹങ്ങളെല്ലാം ഹ്യദന്തത്തി-
ലൊന്നായൊതുക്കും വിരുതായ്, മദംവായ്ക്കു-
മോരോ മനസ്സിലുമറിവിന്‍ പൊരുളായി,
ശാന്തിയായ്, വിശ്വസംഗീതമായ്, സ്നേഹമേ!
നീ കോടികോടിക്കിരണങ്ങള്‍ തൂകുന്നൊ-
രുജ്ജ്വല സൂത്യനായ് എന്നുമുയിര്‍ക്കൊള്‍വൂ,
ചണ്ഡമാം ജീവിതപ്പാഴ്ക്കൊടുങ്കാറ്റിനെ
മീട്ടിയുറക്കുന്ന തംബുരുനാദമായ്.

Comments

comments