വായനശാലകളെ കൊല്ലരുത്‌ – മാതൃഭൂമി മുഖപ്രസംഗം – 2014 ജനുവരി 30

കടപ്പാട് -മാതൃഭൂമി ദിനപത്രം – 2014 ജനുവരി 30

ആധുനിക പൗരസമൂഹം സൃഷ്ടിച്ച ഏറ്റവും വലിയ പൊതുഇടങ്ങളിലൊന്നാണ് ഇന്ന് നാം കാണുന്ന തരത്തിലുള്ള വായനശാലകള്‍. ജാതിക്കും മതത്തിനും വര്‍ഗത്തിനുമൊക്കെ അതീതമായ എല്ലാവര്‍ക്കും പ്രവേശനമുള്ള പൊതുഇടങ്ങള്‍ നമ്മുടെ നാട്ടില്‍ രൂപംകൊണ്ടത് ഒരു സുപ്രഭാതത്തിലല്ല. സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെയും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെയും ഇടതുപക്ഷപ്രസ്ഥാനത്തിന്റെയുമൊക്കെ ദീര്‍ഘനാളത്തെ പോരാട്ടങ്ങളുടെ ഫലം കൂടിയാണ് ഇത്തരം പൊതു ഇടങ്ങള്‍. മലയാളികളുടെ സാമൂഹികജീവിതത്തിലും പൊതുജനാഭിപ്രായ രൂപവത്കരണത്തിലും ചരിത്രത്തെ ചിന്തയുടെ പ്രവര്‍ത്തനമണ്ഡലങ്ങളുമായി കൂട്ടിമുട്ടിക്കുന്നതിലുമെല്ലാം വായനശാലകള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ആധുനിക ജനാധിപത്യത്തിന്റെ ഉത്പന്നമായാണ് ഹെബര്‍മാസിനെപ്പോലുള്ള ചിന്തകര്‍ പൊതുഇടങ്ങളെ നിര്‍വചിച്ചിട്ടുള്ളത്. അതില്ലാതാകുമ്പോഴേ അതിന്റെ വിലയറിയൂ. കേരളത്തിലെ ചെറുതും വലുതുമായ ഏഴായിരത്തോളം വരുന്ന വായനശാലകള്‍ ഇന്ന് മരണശയ്യയിലാണെന്ന വസ്തുത പൊതുസമൂഹത്തിന്റെ അടിയന്തരശ്രദ്ധയും ഇടപെടലും ആവശ്യമാക്കിത്തീര്‍ക്കുന്നുണ്ട്. നിലനിന്നുപോകാന്‍ ആവശ്യമായ ഗ്രാന്റ് സര്‍ക്കാര്‍ ലഭ്യമാക്കാത്തതാണ് വായനശാലകളെ പ്രതിസന്ധിയിലാക്കിയത്.

‘വായനശാലകള്‍ എന്തുപിഴച്ചു’ എന്ന എഴുത്തുകാരനായ യു.കെ. കുമാരന്റെ ‘മാതൃഭൂമി’ ലേഖനത്തോട് കേരളത്തിലെ വായനസമൂഹം അഭൂതപൂര്‍വമായ വിധത്തിലാണ് പ്രതികരിച്ചത്. അതില്‍ നിന്നുതന്നെ വായനശാലകള്‍ നേരിടുന്ന പ്രതിസന്ധിയില്‍ അവര്‍ക്കുള്ള ആശങ്കകള്‍ വ്യക്തമാകുന്നുണ്ട്. വായനശാലകള്‍ നിലനിന്നുകാണാന്‍ ആഗ്രഹിക്കുന്ന പൊതുസമൂഹത്തിന്റെ താത്പര്യങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നവയായിരുന്നു ആ കത്തുകള്‍. പൊതുഇടങ്ങളുടെ മരണം നമ്മുടെ ജനാധിപത്യസമൂഹത്തിന് ഏല്പിക്കുന്ന ആഘാതങ്ങള്‍ ചില്ലറയല്ല. ജനാധിപത്യവിരുദ്ധമായ പ്രവണതകളുടെ ആധിക്യങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ സ്വീകാര്യതയുണ്ടാക്കാനാണ് ഇത് വഴിവെക്കുക. സാംസ്‌കാരികമായ പിന്നാക്കാവസ്ഥകള്‍ക്കാണ് ഇത് വളംവെക്കുക. 7,000 വായനശാലകളെന്നത് മലയാളികളുടെ 7,000 പൊതുവേദികള്‍ കൂടിയാണ്. അവയുടെ നാശം ഒരു ജനസമൂഹമെന്ന നിലയ്ക്ക് നമ്മെ സംവാദസാധ്യതകള്‍ അടഞ്ഞ സമൂഹവിരുദ്ധമായ കാലാവസ്ഥകളിലേക്കാണ് നയിക്കുക.

പൊതുജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന ലൈബ്രറി സെസ്സാണ് വായനശാലകള്‍ക്ക് ഗ്രാന്റായി നല്കുന്നത്. എന്നാല്‍, ലൈബ്രറി കൗണ്‍സില്‍ ഇങ്ങനെ ലഭിക്കുന്ന തുക ചെലവഴിക്കുന്നതിന്റെ കൃത്യമായ ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാറിന് ലഭ്യമാക്കുന്നതില്‍ കൃത്യത പാലിക്കാത്തതാണ് ഗ്രാന്റ് നല്കുന്നതിന് തടസ്സമായി വരുന്നത്. ഗ്രാന്റുകള്‍ലഭിക്കാന്‍വേണ്ടി മാത്രം തുറക്കപ്പെടുന്ന വായനശാലകളും നമ്മുടെ നാട്ടിലുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അവ ഏതെന്നു കണ്ടെത്തി യുക്തമായ നടപടികളെടുക്കാന്‍ ലൈബ്രറി കൗണ്‍സിലിന് ഉത്തരവാദിത്വമുണ്ടെങ്കിലും ഇത് മിക്കപ്പോഴും സംഭവിക്കാറില്ല. കുറച്ചൊക്കെ രാഷ്ട്രീയം ഇതിലുണ്ടെന്ന് പറയാതിരിക്കാന്‍ വയ്യ. ഇടതുപക്ഷാഭിമുഖ്യമുള്ള ലൈബ്രറി കൗണ്‍സിലും സര്‍ക്കാറും തമ്മിലുള്ള രാഷ്ട്രീയമായ സ്വരച്ചേര്‍ച്ചയില്ലായ്മകൂടി ഇക്കാര്യങ്ങളില്‍ നിഴലിക്കുന്നുണ്ട്. ഏതായാലും വായനശാലകള്‍ ഇതിന്റെ ബലിയാടായി മാറുന്നത് അനുവദിക്കാന്‍ പാടില്ലാത്തതാണ്. ലൈബ്രറികള്‍ക്ക് ഗ്രാന്റായി നല്കുന്ന തുക എങ്ങനെ ചെലവഴിച്ചു എന്നതിന്റെ കൃത്യമായ ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്കാന്‍ ലൈബ്രറി കൗണ്‍സിലിന് ഉത്തരവാദിത്വമുണ്ട്. അതേസമയം, വായനശാലകള്‍ക്ക് നിലനിന്നുപോകാനുള്ള ഗ്രാന്റിന് മുടക്കംവരുത്തി അവയെ ശ്വാസംമുട്ടിച്ച് കൊല്ലാതിരിക്കാനുള്ള ബാധ്യത സര്‍ക്കാറിനുമുണ്ട്. ഇത് സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കം നിലനില്ക്കുന്നുണ്ടെങ്കില്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയാണ് വേണ്ടത്. അല്ലാതെ ഗ്രാന്റ് നല്കാതെ വായനശാലകളെ മരണശയ്യയിലേക്ക് നയിക്കലല്ല. സംസ്‌കാരികമായ ആത്മഹത്യയിലേക്ക് പൊതുസമൂഹത്തെ നയിക്കലായിരിക്കും അതിന്റെ ഫലം.

Comments

comments