പൂമുഖം

സംസ്കാരത്തിന്റെ പാദമുദ്രകള്‍

ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ ആദ്യപകുതിയിലാണ് ചെട്ടികാട് ഗ്രാമം കേന്ദ്രമാക്കി ഒരു വായനശാല സ്ഥാപിക്കുക എന്ന ആശയം അവിടുത്തെ യുവതലമുറയുടെ ഉള്ളില്‍ ഉദിച്ചത്.

 സാംസ്കാരിക രംഗത്തെ പുതിയ ദിശാബൊധത്തിന്റെ ഉണര്‍വില്‍ ഉയര്‍ന്നു വന്ന കലാകാരന്മാരുടെ നേത്യത്വത്തില്‍ ഇതിനു വേണ്ടി ഒരു സംഘടിത രൂപം ഉണ്ടായി. അച്ചടിച്ച നോട്ടീസുകളോ ഉച്ചഭാഷിണികളോ കൂടാതെ അവര്‍ തങ്ങളുടെ ആശയങ്ങളുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. ജനങ്ങള്‍ ഒന്നടങ്കം അവരൊടൊപ്പം സഹകരിക്കുകയും ‘വായനശാല’ എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിനു വേണ്ടി സഹായങ്ങള്‍ നല്‍കുകയും ചെയ്തു.

 നാട്ടുകാര്‍ സംഭാവന ചെയ്ത തെങ്ങോലകളും മടലുകളും കൈതക്കാലുകളും കൊണ്ടു അവര്‍ ഒരു ചെറിയ വാ‍യനശാല കെട്ടിയുണ്ടാക്കി. തുടക്കത്തില്‍ തന്നെ വായനശാലയില്‍ മൂന്ന് ദിനപത്രങ്ങള്‍ വീണു. മലയാള മനോരമയും കേരള കൌമുദിയും നവയുഗവും; നാട്ടുകാരുടെ സംഭാവന ആയിരുന്നു അത്.

 രാത്രി കാലങ്ങളില്‍ മേശവിളക്ക് കത്തിച്ച് വച്ച് അതിനു ചുറ്റുമിരുന്ന് ജോലി കഴിഞ്ഞെത്തിയവര്‍ പത്രപാരായണം ചെയ്തു.വായനശാലയുടെ അങ്കണത്തില്‍ സേവനതല്‍പ്പരരായ നാട്ടുകാരുടെ കൂട്ടായ്മ ഉണ്ടായി. നാടകങ്ങളും വില്‍മേളകളും പഠിച്ച് അവതരിപ്പിക്കുന്ന കലാകാരന്മാര്‍ക്ക് ഒരു വേദി കൂടിയായി വായനശാല രൂപാന്തരപ്പെട്ടു.ഔവ്വര്‍ റീഡിംഗ് റൂം ആന്റ് വിജയാ തീയറ്റേഴ്സ് എന്നു വായനശാലയ്ക്ക് നാമകരണം ചെയ്തു.  കലാസമിതിയും വായനശാലയും ഒരു സംഘടനയായി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

 വായനശാലയുടെയും തീയറ്റേഴ്സിന്റെയും പുരോഗതിക്കു വേണ്ടി പ്രത്യക്ഷമായും പരോക്ഷമായും പങ്കു ചേര്‍ന്ന നാട്ടുകാരില്‍ പലരും
അതിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായി.  1966 ല്‍ ഒന്നാമത് വാര്‍ഷികം ആഘോഷിച്ചു. വായനശാല സ്ഥാപിച്ച്
മൂന്ന് വര്‍ഷത്തിനു ശേഷം അത് മാറ്റി തരണമെന്ന് സ്ഥലം ഉടമ ആവശ്യപ്പെട്ടപ്പോള്‍ പ്രവര്‍ത്തകര്‍ വായനശാല്‍ മറ്റോരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. താല്‍ക്കാലികമായി നിര്‍മ്മിച്ച ഷെഡില്‍ പ്രവര്‍ത്തനം ആരംഭിച്ച വായനശാലയ്ക്ക് അവിടെയും അധികനാള്‍ നിലനില്‍ക്കുവാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വായനശാല ഔവ്വര്‍ ജംഗ്ഷനിലെ സ്റ്റേഷനറി കടയുടെ ഒരു ഭാഗത്തേക്ക് മാറി.

ഇക്കാലമായപ്പോഴേയ്ക്കും ഔവ്വര്‍ റീഡിംഗ് റൂം ആന്റ് വിജയാ തീയറ്റേഴ്സ് നാടിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞിരുന്നു. അതിന്റെ ആവശ്യകത മനസ്സിലാക്കിയ നാട്ടുകാരില്‍ പലരും ഔദ്യോഗികമായും അനൌദ്യോഗികമായും പ്രവര്‍ത്തകരുമായി ഒത്തു ചേര്‍ന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമി വാങ്ങുക എന്ന സ്വപ്നത്തോടെ അവര്‍ വിവിധ പരിപാടികള്‍ ആവിഷ്കരിച്ചു. നാടകം ടിക്കറ്റ് പ്രോഗ്രാമായി നടത്തി. ഓണക്കാലത്ത് കോല്‍ക്കളിയുമായി ഇറങ്ങി.വിഷു ദിനത്തിലെ കണിയും ക്രിസ്തുമസ് രാവുകളിലെ കരോളുകളും ഉത്സവപ്പറമ്പുകളില്‍ അരങ്ങേറിയ വില്‍മേളകളും പണം സമാഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളായി. വായനശാലയില്‍ സര്‍ക്കാര്‍ നടത്തി വന്ന ലേബര്‍ ക്ലാസ്സില്‍ നിന്നും ധനസഹായം ലഭിച്ചു. ഒടുവില്‍ ഔവ്വര്‍ ജംഗ്ഷന് സമീപം തന്നെ സ്ഥലം വാങ്ങുകയും കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

1982 ആഗസ്ത് 15 ന് സ്വന്തമായി വാങ്ങിയ സ്ഥലത്ത് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം നടന്നു.1985 ല്‍ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്റ്റ് പ്രകാരം സംഘടനയ്ക്ക് രജിസ്ട്രേഷന്‍ ലഭിച്ചു.
oldbldg1987 മുതല്‍ വാര്‍ഷിക ആഘോഷങ്ങള്‍ തിരുവോണത്തോടനുബന്ധിച്ച് പത്ത് ദിവസങ്ങളിലായി മാറി. 1988 ല്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിലിന്റെ അഫിലിയേഷനോടു കൂടി സ്ഥാപനം ഔവ്വര്‍ ലൈബ്രറി എന്ന പേരില്‍ പ്രവര്‍ത്തനം തുടര്‍ന്നു.

രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1994 ല്‍ ലൈബ്രറിയോട് ചേര്‍ന്ന് ഒരു സ്മാരകഹാള്‍ ഉത്ഘാടനം ചെയ്യപ്പെട്ടു. 2000 ല്‍ രാജ്യസഭാംഗമായ ശ്രീ .എസ്. രാ‍മചന്ദ്രന്‍ പിള്ളയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കൊണ്ടുള്ള പുതിയ ഇരുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം ശ്രീ. വി.എസ്.അച്യുതാനന്ദന്‍ നിര്‍വഹിക്കുകയും 2003 ല്‍ ലൈബ്രറിയുടെ പുതിയ മന്ദിരം ശ്രീ. എസ്. രാമചന്ദ്രന്‍പിള്ള ഉത്ഘാടനം ചെയ്യുകയും ചെയ്തു.

ഔവ്വര്‍ ഡിബേറ്റിംഗ് ഫോറം, ഔവ്വര്‍ ആര്‍ട്സ് അക്കാദമി,ഔവ്വര്‍ വുമെന്‍സ് സൊസൈറ്റി,ഔവ്വര്‍ വിജയാ തീയറ്റേഴ്സ്, ഔവ്വര്‍ റിക്രിയേഷന്‍,ഔവ്വര്‍ ചില്‍ഡ്രന്‍സ് ക്ലബ്ബ്, ഔവ്വര്‍ സ്വാന്തനം തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളും ബ്ലോക്ക് പഞ്ചായത്തിലെ വികസന വിദ്യാ കേന്ദ്രവും ലൈബ്രറിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.

9 ദിനപത്രങ്ങളും 40 ല്‍ പരം ആനുകാലിക പ്രസിദ്ധീകരണങ്ങളും കൊണ്ട് സമ്പന്നമായ വായനശാല ആലപ്പുഴ ജില്ലയില്‍ തന്നെ ഏറ്റവും സജീവമായ വായനാ മുറി ആണ്. മലയാളത്തിലെ പ്രമുഖരും പ്രശസ്തരും ആയ പ്രതിഭകളുടെ സാന്നിദ്ധ്യം ആണ് ഔവ്വര്‍ ലൈബ്രറിയുടെ വാര്‍ഷിക ഓണാഘോഷ പരിപാടികളെ അനുഗ്രഹീതമാക്കുന്നത്. നാലു പതിറ്റാണ്ടു കാലമായി നാടിന്റെ സാംസ്കാരിക സ്പന്ദനമായി…
വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വീഥികളിലൂടെ നളെയുടെ നന്മകളിലേക്ക്…

Leave A Comment

Your email address will not be published.

Security Code: