തായ്‌വഴി

മലയാളികളുടെ സാംസ്കാരിക കുതിച്ചു ചാട്ടങ്ങള്‍ക്ക് ശക്തിയും പ്രേരണയും ആയി തീര്‍ന്ന കേരളത്തിലെ ഗ്രന്ഥാലയങ്ങളുടെ പിറവി ചരിത്രത്തിലെ ചില ഏടുകള്‍…
 
കേരളത്തിന്റെ സംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് പ്രേരകശക്തിയായി തീര്‍ന്നത്  ഗ്രന്ഥശാലകളാണ്. അറിവ് തേടിയുള്ള സമൂഹത്തിന്റെ അന്വേഷണങ്ങളില്‍ നിന്നാണ് ഗ്രന്ഥശാലകള്‍ പിറവിയെടുത്തത്. വായനശാലകളും ഗ്രന്ഥശാലകളും എല്ലാവര്‍ക്കും കടന്നു വരുവാന്‍ പറ്റുന്ന പൊതു ഇടങ്ങളായി മാറിയതു കൊണ്ടാണ് അവയ്ക്ക്  കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും വേരുറക്കുവാന്‍ പറ്റിയത്.  ഗ്രന്ഥശാലകളോടനുബന്ധിച്ച് ആരംഭിച്ച നിശാപാഠശാലകളും വയോജനക്ലാസ്സുകളും കലാസംഘങ്ങളും സാധാരണക്കാരെ പോലും ഗ്രന്ഥശാലകളുമായി കൂടുതല്‍ അടുപ്പിച്ചു. അവരുടെ കൂടിച്ചേരലില്‍ നിന്ന് അറിവും സംഘബോധവും ജനിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ആശയശക്തി പകര്‍ന്നു നല്‍കിയത്  ഗ്രന്ഥാലയങ്ങളിലൂടെ ആയിരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുണ്ടായതും ഗ്രന്ഥശാലകളിലൂടെ ആയിരുന്നു. പുരോഗമന ആശയങ്ങളുടെ അടിത്തറയില്‍ നിന്നും സമൂഹ്യമാറ്റത്തിന് വഴി തെളിച്ച അവകാശസമരങ്ങള്‍ക്ക് മാര്‍ഗ ദീപമായി തീര്‍ന്നതും ഗ്രന്ഥാലയങ്ങളായിരുന്നു. തിരുവിതാംകൂറും കൊച്ചിയും മലബാറുമായി ചിതറിക്കിടന്ന നാട്ടുരാജ്യങ്ങളിലൊക്കെ ഗ്രന്ഥശാലകള്‍ പിറവിയെടുത്തത്  സമാനസ്വഭാവത്തോടെ ആണ്.

1937 ജൂണ്‍ 14 ന്   കെ. കേളപ്പന്റെ അദ്ധ്യക്ഷതയില്‍ കോഴിക്കോടു വച്ച്  ഒന്നാം മലബാര്‍ വായനശാല സമ്മേളനം നടന്നു. കെ. ദാമോദരന്‍ കാര്യദര്‍ശിയും ഇ. രാമന്‍ മേനോന്‍  അദ്ധ്യക്ഷനുമായുള്ള ‘മലബാര്‍ വായനശാല സംഘം’ ആ സമ്മേളനത്തില്‍ വച്ച്  രൂപീകരിക്കപ്പെട്ടു. ഇതേ കാ‍ലയളവില്‍ കൊച്ചിയില്‍ ‘സമസ്ത കേരള പുസ്തകാലയ സമിതി’ എന്ന പേരില്‍ ഗ്രന്ഥശാലകളുടെ ഒരു സംഘടന ഉണ്ടാകുകയും ‘ഗ്രന്ഥവിഹാരം‘ എന്ന ഒരു ത്രൈമാസിക അവിടെ നിന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു.

തിരുവിതാംകൂറില്‍ 1945 സെപ്തംബര്‍ 14 ന്  അമ്പലപ്പുഴ പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍‍ വച്ച് ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ടു ‘ അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനം’ വിളിച്ചു കൂട്ടി. 47 ഗ്രന്ഥശാലകളുടെ പ്രതിനിധികള്‍ ആ യോഗത്തില്‍ പങ്കെടുത്തു. യോഗം ഉത്ഘാടനം ചെയ്തത് അന്നത്തെ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി. പി. രാമസ്വമി അയ്യര്‍ ആയിരുന്നു. പി.എന്‍. പണിക്കര്‍ സെക്രട്ടറിയും അഡ്വ. പി. കുഞ്ഞന്‍ കുറുപ്പ് പ്രസിഡന്റുമായുള്ള പി.കെ.മെമ്മോറിയല്‍ ഭരണസമിതിയാണ് പ്രസ്തുത സമ്മേളനത്തിന്  നേത്യത്വം നല്‍കിയത്. അന്ന് രൂപികരിക്കപ്പെട്ട ‘അഖില തിരുവിതംകൂര്‍ ഗ്രന്ഥശാല സംഘം’ ആണ് കേരളത്തിലെ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് ഇന്നത്തെ  ലൈബ്രറി കൌണ്‍സില്‍ ആയി പരിണമിച്ചത്.

 1970 ല്‍ ‘വായിച്ചു വളരുക’ എന്ന സന്ദേശമുയര്‍ത്തി കേരള ഗ്രന്ഥശാലസംഘം രജത ജൂബിലി ആഘോഷിച്ചു. 1977 ല്‍ കേരള ഗ്രന്ഥശാലസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട്  യു. എന്‍. ഒ . റോപ് സ്കായ അവാര്‍ഡ്  നല്‍കി.

 1989 -ല്‍  കേരള നിയമസഭയില്‍ ‘കേരള ഗ്രന്ഥശാല നിയമം’ അവതരിപ്പിക്കുകയും 1994 -ല്‍ അത് നടപ്പിലാക്കുകയും ചെയ്തു.‘വിജ്ഞാനം വികസനത്തിന് ‘ എന്ന കാഴ്ചപ്പാടുമായി 1995 ല്‍ കേരള ഗ്രന്ഥശാല സംഘം സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. 2005 ല്‍ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്കാരിക അപചയത്തിനും മൂല്യച്യുതിക്കും എതിരെ ജനജാഗ്രത ജാഥ സംഘടിക്കപ്പെട്ടു. 2005 ഡിസംബര്‍ 7 മുതല്‍ 20 വരെ കാസര്‍ ഗോഡ്  നിന്നും തിരുവനന്തപുരം വരെ  എല്ലാ താലൂക്ക് കേന്ദ്രങ്ങളിലൂടെയും ജാഥ കടന്നു പോയി. സംസ്കാരിക അപചയത്തിനെതിരെ അക്ഷരജ്വാല എന്ന ആഹ്വാനം ആണ് വജ്ര ജൂബിലിയില്‍ മുഴങ്ങിയത്.  

ജി. ബാലമോഹന്‍ തമ്പി പ്രസിഡന്റും കെ. ബാലക്യഷ്ണന്‍ നമ്പ്യാര്‍ സെക്രട്ടറിയുമായ ഭരണസമിതി ആണ് ഇപ്പോള്‍ സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ നയിക്കുന്നത്. 6000 ല്‍ അധികം ഗ്രന്ഥശാലകള്‍ ഇന്ന്‍ കൌണ്‍സിലില്‍ അംഗങ്ങളായുണ്ട്.

Leave A Comment

Your email address will not be published.

Security Code: